കടകൾ കുത്തിത്തുറന്ന് മോഷണം; അഞ്ചു പേർ അറസ്റ്റിൽ
text_fieldsഷാർജ: കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ അഞ്ചു പേർ അറസ്റ്റിൽ. സൂപ്പർ മാർക്കറ്റ്, മൊബൈൽ ഷോപ്പ് എന്നിവയിൽ മോഷണം നടത്തിയവരെയാണ് ഷാർജ പൊലീസ് പിടികൂടിയത്. ലാപ്ടോപ്, മൊബൈൽ ഫോൺ, വാച്ച്, ടാബ്, പണം തുടങ്ങിയവയാണ് പ്രധാനമായും മോഷ്ടിച്ചിരുന്നത്.
അറസ്റ്റിലായവർ ഏഷ്യൻ സ്വദേശികളാണ്. എന്നാണ് മോഷണം നടന്നതെന്നോ എത്ര തുകയുടെ വസ്തുക്കളാണ് മോഷ്ടിച്ചതെന്നോ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഘമായി ചേർന്നായിരുന്നു മോഷണം. ഇവരെ പ്രോസിക്യൂഷന് കൈമാറി. ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. ഷോപ്പ് ഉടമകൾ ശ്രദ്ധിക്കണമെന്നും വലിയ തുക കടയിൽ സൂക്ഷിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഷോപ്പിൽ ഉയർന്ന നിലവാരമുള്ള കാമറകൾ സ്ഥാപിക്കണം. ഷോപ്പുകൾ സുരക്ഷിതമാക്കണമെന്നും പൊലീസ് അറിയിച്ചു.

