ബ്ലേഡുകൊണ്ടുള്ള ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
text_fieldsശാസ്താംകോട്ട: ശാസ്താംകോട്ട ടൗണിൽ ഓട്ടോ ഡ്രൈവർമാരുമായുള്ള തർക്കത്തിൽ ബ്ലേഡ് കൊണ്ട് യാത്രക്കാരൻ നടത്തിയ ആക്രമണത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10.45ഓടെയാണ് സംഭവം.
ഓട്ടോക്കൂലി സംബന്ധിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിലെത്തിയത്. ആഞ്ഞിലിമൂട്ടിലെ ഓട്ടോ ഡ്രൈവർ സിനിൽ, ഒപ്പമുണ്ടായിരുന്നു ബിനു എന്നിവർക്കാണ് കഴുത്തിനും പിറകുഭാഗത്തും മുറിവേറ്റത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട ജങ്ഷനിൽ വാടകക്ക് താമസിക്കുന്ന അഞ്ചൽസ്വദേശി രതീഷിനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു.
രാത്രിയിൽ കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന രതീഷുമായി ഓട്ടോയിൽ എത്തിയ സംഘം വാക്കേറ്റത്തിൽ ഏർപ്പെടുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.
പൊലീസ് വരുന്നതുകണ്ട് പിന്മാറിയ സംഘം വീണ്ടും സംഘടിച്ച് ജങ്ഷനിലെത്തി രതീഷുമായി വാക്കേറ്റമുണ്ടായി. ഇതിനിടയിൽ രതീഷ് കൈയിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയുമായിരുന്നു.

