സ്ത്രീകൾക്ക് നേരെ അതിക്രമം: രണ്ടുപേർ അറസ്റ്റിൽ
text_fieldsശ്രീജിത്ത്, ശരത് സത്യൻ
എടക്കര: ലൈംഗികോദ്ദേശ്യത്തോടെ സ്ത്രീകളെ ഉപദ്രവിച്ച കേസുകളിൽ രണ്ടുപേരെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്ത് എന്ന മണിക്കുട്ടൻ (32), ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണ കൊടുവയലിൽ ശരത് സത്യൻ (32) എന്നിവരെയാണ് എടക്കര ഇൻസ്പെക്ടർ പി.എസ്. മഞ്ജിത് ലാൽ അറസ്റ്റ് ചെയ്തത്.
പട്ടികജാതി വിഭാഗത്തിൽപെട്ട യുവതിയെ വീട്ടിൽ കയറി ഉപദ്രവിച്ചെന്ന പരാതിയിലാണ് ശ്രീജിത്ത് പിടിയിലായത്. സ്കൂട്ടറില്‍ തനിച്ച് യാത്ര ചെയ്യുന്ന യുവതികളെ ബൈക്കില്‍ പിന്തുടര്ന്ന് ലൈംഗികോദ്ദേശ്യത്തോടെ ഉപദ്രവിച്ച സംഭവത്തില്‍ ഒക്ടോബർ 13ന് ഇയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് പ്രതി ശനിയാഴ്ചത്തെ കേസിൽ പിടിയിലായത്. എടക്കര ബിവറേജസ് ഔട്ട്ലറ്റ് ജീവനക്കാരിയെ ഉപദ്രവിച്ച കേസിലാണ് കരിങ്കോറമണ്ണ സ്വദേശിയായ ശരത് സത്യൻ പിടിയിലായത്. ആറുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. എസ്.ഐ അബൂബക്കർ, സി.പി.ഒമാരായ പ്രബീഷ്, സുനീഷ്, ശഫീഖ്, വനിത സി.പി.ഒ നിഷ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

