യുവതിക്കുനേരെ അതിക്രമം; പ്രതി അറസ്റ്റിൽ
text_fieldsവിഷ്ണു
തിരുവല്ല: പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വള്ളംകുളം പന്നാമുറിയിൽ വീട്ടിൽ വിക്കി എന്ന വിഷ്ണുവാണ് (24) പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി വീട്ടിലേക്ക് മടങ്ങുംവഴി വിഷ്ണു സ്കൂട്ടർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു.
യുവതി ബഹളംവെച്ചതോടെ സമീപവാസികൾ ഓടിക്കൂടി. ഇതോടെ സംഭവ സ്ഥലത്തുനിന്നും കടന്നുകളഞ്ഞ വിഷ്ണുവിനെ യുവതി നൽകിയ പരാതിയിൽ വീടിന് സമീപത്തുനിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരന്തരമായി ശല്യം ചെയ്യുന്നതായി കാട്ടി പരാതിക്കാരിയായ യുവതി വിഷ്ണുവിനെതിരെ തിരുവല്ല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് അറസ്റ്റിന് ഇടയാക്കിയ സംഭവത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

