രാസ ലഹരിയുമായി യുവാവ് പിടിയിൽ
text_fieldsമരട്: തൈക്കൂടം ഉദയ റോഡിൽനിന്ന് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഉദയ റോഡിൽ വാടകക്ക് താമസിക്കുന്ന വൈറ്റില, പൊന്നുരുന്നി, മാളിയേക്കൽ വീട്ടിൽ ഷെബിൻ സേവ്യറാണ് (25) പിടിയിലായത്.
4.2 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. സി.സി.ടി.വി കാമറയുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്ന ഇയാൾ ഇടയ്ക്ക് ബംഗളൂരുവിൽ പോവുകയും അവിടെനിന്ന് ഇടനിലക്കാർ മുഖേന വാങ്ങി കൊണ്ടുവരുന്ന മയക്കുമരുന്ന് തൈക്കൂടം, വൈറ്റില ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തി വരികയായിരുന്നു.
തൈക്കൂടം ഭാഗങ്ങളിലുള്ള ഹൗസിങ് കോളനികളിലെ വാടക വീടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ശശിധരൻ ഐ.പി.എസിന്റെ നിർദേശാനുസരണം രണ്ടാഴ്ചയായി ഈ ഭാഗങ്ങളിൽ മരട് പൊലീസും, കൊച്ചി സിറ്റി ഡാൻസാഫും ചേർന്ന് വാടക വീടുകളും ലോഡ്ജുകളും, ഒഴിഞ്ഞ കെട്ടിടങ്ങളിലും പരിശോധനകൾ നടത്തി വരികയായിരുന്നു.

