യുവാവിന് കുത്തേറ്റു; അയൽവാസി അറസ്റ്റിൽ
text_fieldsവടകര: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയെ കത്തികൊണ്ട് കുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര ലോകനാർകാവ് പയംകുറ്റിമല റോഡിനു സമീപത്തെ മീത്തലെ കാവുംപുറത്ത് ദിനേശനെയാണ് (50) വടകര എസ്.ഐ എം. നിജേഷ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.
ലോകനാർകാവിലെ ആനപ്പാന്റെമീത്തൽ എ.എം. ലിജീഷിനെയാണ് ശനിയാഴ്ച രാത്രി 10 മണിയോടെ അയൽവാസിയായ ദിനേശൻ കത്തികൊണ്ട് കുത്തിയത്. ഗുരുതര പരിക്കേറ്റ ലിജീഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യലഹരിയിലായിരുന്ന ദിനേശന് ലിജീഷിനോടുള്ള വ്യക്തിവൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

