കാറിൽ കടത്തിയ 162 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ
text_fieldsകാറിൽനിന്ന് പിടികൂടിയ മദ്യക്കുപ്പികളുമായി വളാഞ്ചേരി പൊലീസ് എസ്.എച്ച്.ഒ കെ.ജെ. ജിനേഷും സംഘവും (ഇൻസൈറ്റിൽ ഹർഷാദ്
വളാഞ്ചേരി: കാറിൽ കടത്തിയ വിദേശമദ്യ ശേഖരം വളാഞ്ചേരി പൊലീസ് പിടികൂടി. യുവാവിനെ അറസ്റ്റ് ചെയ്തു. വടകര അഴിയൂർ സ്വദേശി വൈദ്യർ കുനിയിൽ ഹർഷാദിനെ (34) ആണ് അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് 162 കുപ്പി വില കൂടിയ ഇനം വിദേശമദ്യം പിടിച്ചു. മാഹിയിൽനിന്ന് വാങ്ങിയ മദ്യം അങ്കമാലിയിലേക്ക് വിൽപനക്കായി കൊണ്ടുപോവുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘവും ഹൈവേ പൊലീസും ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ദേശീയപാത വട്ടപ്പാറയിൽ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. കാറിൽനിന്ന് ഇറങ്ങി ഓടിയ പ്രതിയെ പൊലീസ് ഓടിച്ച് പിടികൂടുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് 13 കെയ്സുകളായിട്ടാണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിൽ സബ് ഇൻസ്പെക്ടർ എൻ. മുഹമ്മദ് റഫീഖ്, അഡീഷനൽ എസ്.ഐമാരായ ബെന്നി, അബൂബക്കർ, എ.എസ്.ഐ ബെന്നി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ ദേവ്, രജീഷ്, ജറീഷ്, അബ്ദു, സി.പി.ഒമാരായ ഗിരീഷ്, അനൂപ്, അഖിൽ സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.

