'ഇത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം നൽകുന്നു'; കോവിഡ് ബാധിതനായ സോനു സൂദ് പറയുന്നു
text_fieldsന്യൂഡൽഹി: നടൻ സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം അറിയിച്ചത്.
ലോക്ഡൗൺ കാലത്ത് അന്തർസംസ്ഥാന തൊഴിലാളികൾക്ക് സഹായമെത്തിച്ച് കൈയ്യടി നേടിയ സോനു പഞ്ചാബ് സർക്കാറിന്റെ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായിരുന്നു.
'കോവിഡ് -പോസിറ്റീവ്, മാനസികാവസ്ഥയും ആവേശവും - സൂപ്പർ പോസിറ്റീവ്. ഹായ്, ഞാൻ കോവിഡ് ബാധിതനായ വിവരം അറിയിക്കുന്നു. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഞാൻ ക്വാറന്റീനിൽ പ്രവേശിക്കുകയും വളരെയധികം ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ വിഷമിക്കേണ്ട, ഇത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എനിക്ക് ധാരാളം സമയം നൽകുന്നു. ഓർക്കുക ഞാൻ എല്ലായ്പ്പോഴും നിങ്ങളുടെ കൂടെയുണ്ട്' -സോനു സൂദ് എഴുതി.
ലോക്ഡൗൺ സമയത്ത് വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് അന്തർസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വേണ്ട സഹായങ്ങൾ ചെയ്ത സോനൂ സൂദ് കൈയ്യടി നേടിയിരുന്നു. കോവിഡ് ബാധിതനായ ശേഷവും കോവിഡ് രണ്ടാം തരംഗത്തിലും സഹജീവികൾക്ക് സഹായവുമായി രംഗത്തുണ്ടാകുമെന്ന് അറിയിക്കുകയാണ് സോനു.
പാവപ്പെട്ടവരെയും അന്തർസംസ്ഥാന തൊഴിലാളികളെയും സഹായിക്കുന്നതിനായി മുംബൈയിലുള്ള തന്റെ രണ്ട് കടകളും ആറ് ഫ്ലാറ്റുകളും വിറ്റ് താരം 10 കോടി രൂപ സമാഹരിച്ചിരുന്നു.
കോവിഡ് കാലത്ത് നടൻ ചെയ്ത പ്രവർത്തനങ്ങളെ ആദരിക്കുന്നതിന് വേണ്ടി തെലങ്കാനയിലെ ഡബ്ബ ഗ്രാമത്തിൽ അമ്പലം വരെ പണിതിരുന്നു. സോനുവിനെ ആദരിക്കുന്നതിനായി സ്പൈസ്ജെറ്റ് കമ്പനി പ്രത്യേക വിമാനം പുറത്തിറക്കിയിരുന്നു. സോനുവിന്റെ ചിത്രം ആലേഖനം ചെയ്ത ബോയിങ് 737 വിമാനമാണ് സ്പൈസ്ജെറ്റ് പുറത്തിറക്കിയത്.

