ആരാണ് മികച്ച നടൻ മോഹൻലാലോ മമ്മൂട്ടിയോ? മോഹൻലാലിന്‍റെ ഉത്തരം ഇതാണ്...
text_fieldsമോഹൻലാലിനെയാണോ മമ്മൂട്ടിയെ ആണോ ഇഷ്ടം എന്ന ചോദ്യം നേരിടാത്ത മലയാളികൾ ഉണ്ടാകില്ല. ഇരുവരും ലോകമെമ്പാടും ആരാധകരുള്ള താരങ്ങളാണ്. ആരാണ് മികച്ച നടൻ എന്ന ചോദ്യത്തിന് ഉത്തരം പറയാനും നമുക്ക് ഒന്ന് ആലോചിക്കേണ്ടി വരും. എന്നാൽ ഈ ചോദ്യത്തിന് താരങ്ങളുടെ ഉത്തരം എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഗലാട്ടാ ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മോഹൻലാൽ.
'ആരാണ് മികച്ച നടൻ, മോഹൻലാലോ മമ്മൂട്ടിയോ?' എന്നതായിരുന്നു അവതാരകൻ ചോദിച്ച ചോദ്യം. അത് സിനിമയെ ആശ്രയിച്ചിരിക്കും എന്നാണ് മോഹൻലാൽ നൽകിയ മറുപടി. തനിക്ക് മികച്ച നടൻ മമ്മൂട്ടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയോട് ചോദിച്ചാൽ അദ്ദേഹം പറയുക തന്‍റെ പേരായിരിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. ലഭിക്കുന്ന കഥാപാത്രത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് അനുസരിച്ചാണ് എല്ലാം, അതിൽ വിജയിച്ചാൽ എല്ലാവരും മികച്ച അഭിനേതാക്കളാകും എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. എമ്പുരാനിൽ കാമിയോ റോളിൽ എത്തുന്നത് മമ്മൂട്ടിയാണോ എന്ന ചോദ്യത്തിന് അല്ല, അത് മറ്റൊരു നടനാണ് എന്നായിരുന്നു മോഹൻലാലിന്‍റെ മറുപടി.
അതേസമയം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് സുകുമാരൻ ചിത്രം എമ്പുരാൻ തിയറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്‌സ് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.

