
താൻ ഇസ്ലാം സ്വീകരിച്ചിട്ടില്ലെന്ന് നടി രാഖി സാവന്ത്; തന്റെ ഭർത്താവിനെ ചിലർ തട്ടിയെടുത്തെന്നും ആരോപണം
text_fieldsവിവാദ സെലിബ്രിറ്റി രാഖി സാവന്ത് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. താൻ ഇസ്ലാം സ്വീകരിച്ചിട്ടില്ലെന്നാണ് ഇപ്പോൾ അവരുടെ വാദം. നേരത്തേ ഇസ്ലാം സ്വീകരിച്ചെന്ന് അവകാശപ്പെട്ട രാഖി മക്കയിൽപ്പോയി ഉംറയും ചെയ്തിരുന്നു. തന്റെ ഭർത്താവിനെ ചിലർ തട്ടിയെടുത്തെന്ന പുതിയ ആരോപണവും മുൻ ബിഗ്ബോസ് മത്സരാർഥി ഉന്നയിച്ചിട്ടുണ്ട്.
ശിരോവസ്ത്രം ധരിച്ച് മദീനയിൽ നിൽക്കുന്ന ചിത്രങ്ങൾ രാഖി തന്നെയാണ് നേരത്തേ എക്സിൽ പങ്കുവെച്ചത്. മദീനയിലെ ഹോട്ടൽ മുറിയിൽ നിന്നുള്ള മസ്ജിദുന്നബവിയുടെ ചിത്രങ്ങളും രാഖി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ‘അസ്സലാമു അലൈക്കും. ആദ്യമായി ഉംറ ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഞാനിന്ന്. ഇവിടെയെത്തിയതിൽ വളതെയധികം ആഹ്ലാദം തോന്നുന്നു. നിങ്ങളുടെ പ്രാർഥനകളിൽ എന്നെ ഉൾപ്പെടുത്തുക. ഞാനും നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കും.’ -എന്നാണ് ഫോട്ടോ പങ്കുവെച്ച് രാഖി കുറിച്ചത്. മാസങ്ങളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും രാഖി പറഞ്ഞു.
ആദിൽ ഖാൻ ദുറാനിയുമായുള്ള പ്രണയത്തിനു ശേഷമാണ് രാഖി ഇസ്ലാം മതം സ്വീകരിച്ചത്. ഫാത്തിമ എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാൽ രണ്ടുപേരും പിന്നീട് വേർപിരിഞ്ഞതായും വാർത്തകൾവന്നിരുന്നു. ആദിലിന്റെ വിവാഹേതര ബന്ധവും ലൈംഗിക പീഡനവും ശാരീരിക മർദനവുമാണ് പിരിയാൻ കാരണമെന്നാണ് രാഖി പറഞ്ഞത്.
പുതിയ വെളിപ്പെടുത്തലിൽ രാഖി പറയുന്നത് താൻ ഇസ്ലാം സ്വീകരിച്ചില്ല എന്നാണ്. ആദിൽ ഖാൻ ദുറാനിയുമായി വിവാഹ മോചനം നേടിയില്ല എന്നും തന്റെ ഭർത്താവിനെ ചില സ്ത്രീകൾ തട്ടിക്കൊണ്ട് പോയതാണെന്നും അവർ പറഞ്ഞു. ഇതിനിടെ രാഖിയെ വിമർശിച്ച് മുൻ ബിഗ്ബോസ് ജേതാവ് ഗൗഹർ ഖാൻ രംഗത്തുവന്നു. ‘ലോക തോൽവികൾ ഇസ്ലാം സ്വകരിക്കുകയും മഹത്തായ തീർഥാടനത്തെ തമാശയാക്കുകയും ചെയ്യുകയാണ്’ എന്നാണ് ഗൗഹർ പ്രതികരിച്ചത്.
