'ഒരു തടവ് സൊന്നാ, നൂറ് തടവ് സൊന്ന മാതിരി'; 'ബാഷ' റീ റിലീസിന്
text_fieldsരജനിയുടെ സിനിമകളും ഡയലോഗുകളും വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആരാധകര്‍ക്കിടയില്‍ ഇന്നും ആവേശമാണ്. രജനികാന്ത് സിനിമകളിലെ ഡയലോഗുകളില്‍ ഏറ്റവും ഹിറ്റായ ഒന്നാണ് ബാഷയിലേത്. ഇന്നും രജനികാന്തിനെ കുറിച്ചുള്ള എന്ത് പ്രോഗ്രാം വരുമ്പോഴും ഈ ഡയലോഗിനെ കുറിച്ച് പറയാതെ അത് പൂര്‍ണമാവില്ല.
തമിഴിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബാഷ റീ റിലീസിന് ഒരുങ്ങുന്നു. സൂപ്പർസ്റ്റാർ രജനികാന്തും നഗ്മയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ബാഷ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് വീണ്ടും റി റിലീസ് ചെയ്യുന്നത്. സുരേഷ് കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ച് 1995-ൽ പുറത്തിറങ്ങിയ തമിഴ് ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമാണ് ബാഷ. സാങ്കേതിക അപ്ഗ്രേഡുകളോടെ വീണ്ടും പുറത്തിറങ്ങുന്ന ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുമ്പോൾ പ്രേക്ഷകർക്ക് പുതിയ സിനിമാറ്റിക് അനുഭവമായിരിക്കും.
തമിഴകം എക്കാലവും ആഘോഷിക്കുന്ന ചിത്രമാണ് ബാഷ. രജനികാന്തും നഗ്മയും പ്രധാന വേഷത്തിലെത്തിയ സിനിമ തിയേറ്ററിൽ വൻ വിജയമായിരുന്നു. മാസ് സിനിമകളുടെ ബെഞ്ച്മാർക്കുകളിൽ ഒന്നായി കാണാക്കപ്പെടുന്ന സിനിമ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന് കൂടിയാണ്. രജനികാന്തിന്റേതായി ഒടുവില്‍ വന്ന ചിത്രം വേട്ടയൻ ആണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിക്ക് മുകളിൽ നേടിയ സിനിമയിൽ അമിതാഭ് ബച്ചൻ, റാണ ദഗുബതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിര ഭാഗമായിരുന്നു.

