മമ്മൂട്ടിയുടെ 'ഭ്രമയുഗം' ഒ.ടി.ടിയിലേക്ക്...
text_fieldsമമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം 'ഭ്രമയുഗം' ഒ.ടി.ടിയിൽ എത്തുന്നു. മാർച്ച് 15ന് സോണി ലിവിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക. ചിത്രത്തിെന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് സോണി ലീവാണ് ഇക്കാര്യം പങ്കുവെച്ചത്.
ഭൂതകാലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററിൽ എത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ചിത്രം ബോക്സ്ഓഫിസിൽ മികച്ച വിജയം നേടി. 60കോടിയാണ് ചിത്രം ആഗോളതലത്തിൽ നിന്ന് സമാഹരിച്ചത്.
മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ഭ്രമയുഗം മികച്ച അഭിപ്രായം നേടി. കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിദ്ധാർഥ് ഭരതനും അർജുൻ അശോകനുമായിരുന്നു മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം അർജുന്റെയും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി എത്തിയ സിദ്ധാർഥ് ഭരതന്റേയും പ്രകടനം കൈയടി നേടി . അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

