ഗായകൻ ഏയ്ക്കൺ 22ന് ലുസൈൽ ബൊളെവാഡിൽ; പ്രവേശനം സൗജന്യം
text_fieldsഏയ്ക്കൺ
ദോഹ: ലോകപ്രശസ്ത ഹിപ്ഹോപ് ആർ ആൻഡ് ബി ഗായകൻ ഏയ്ക്കൺ ഫെബ്രുവരി 22ന് ലുസൈൽ ബൊളെവാഡിൽ. ഖത്തർ എയർവേസ് അണിനിരത്തുന്ന പ്രത്യേക മോട്ടോർ സ്പോർട്സ് പരിപാടിയുടെ ഭാഗമായാണ് ഏയ്ക്കൺ ലുസൈലിലെത്തുന്നത്.
‘നിങ്ങൾ ത്രില്ലടിക്കാൻ ഒരുക്കമാണോ... ഫെബ്രുവരി 22ന് ലുസൈൽ ബൊളെവാഡിൽ ഖത്തർ എയർവേസിനും പ്രത്യേക അതിഥികൾക്കുമൊപ്പം ഏയ്ക്കണിന്റെ മികച്ച പ്രകടനത്തിനും ഗംഭീരമായ മോട്ടോർ സ്പോർട്സ് ഇവന്റിനും സാക്ഷ്യംവഹിക്കൂ. എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കും’ -ഖത്തർ എയർവേസ് ട്വീറ്റ് ചെയ്തു.
ഫെബ്രുവരി 22ന് ബുധനാഴ്ച വൈകീട്ട് അഞ്ചു മണി മുതലാണ് പരിപാടികൾക്ക് തുടക്കംകുറിക്കുക. പ്രശസ്ത ഖത്തരി റാലി ഡ്രൈവർ നാസർ അൽ അതിയ്യ, എഫ് വൺ റെഡ്ബുൾ കാറുമായി ഡേവിഡ് കൗൾതാർഡ്, ഡാനി പെഡ്രോസ ഓടിക്കുന്ന മോട്ടോ ജി.പി ബാക്ക്, അബ്ദോ ഫെഗാലി ഓടിക്കുന്ന റെഡ്ബുൾ ഡ്രിഫ്റ്റ് കാർ എന്നിവ മോട്ടോർ സ്പോർട്സ് ഇവന്റിൽ അണിനിരക്കും. കൂടാതെ, എഫ്.ഐ.എ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ് ഹൈപ്പർകാറിന്റെ സ്റ്റാറ്റിക് ഡിസ്പ്ലേയും സന്ദർശകർക്ക് ആവേശം പകരും. സന്ദർശകർക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുന്ന പരിപാടിയിൽ മറ്റു വിനോദപരിപാടികൾ, ആക്ടിവേഷനുകൾ, വെടിക്കെട്ട് പ്രദർശനം എന്നിവയും തത്സമയ സംഗീതപരിപാടിയും ഉൾപ്പെടും. ദോഹ മെട്രോ വഴിയോ ലുസൈൽ ബൊളെവാഡിനു ചുറ്റുമുള്ള പാർക്കിങ്ങിലൂടെയോ ഇവിടെ എത്തിച്ചേരാം.
19 തവണ മിഡിലീസ്റ്റ് റാലി ചാമ്പ്യൻഷിപ് ജേതാവും അഞ്ചു തവണ ഡകാർ റാലി ചാമ്പ്യനുമായ നാസർ അൽ അതിയ്യ തന്റെ കാർ ഡെമോൺസ്ട്രേഷൻ റണ്ണിൽ ഓടിക്കും. ഈ വർഷം ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോക്കും അടുത്ത വർഷം ഫെഡറേഷൻ ഇന്റർനാഷനൽ ഡി.എൽ ഓട്ടോമൊബൈൽ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പുമടക്കം എഫ് വൺ, മോട്ടോ ജി.പി എന്നിവയിൽ രണ്ടു മത്സരങ്ങൾക്കാണ് ഖത്തർ ആതിഥ്യം വഹിക്കുന്നത്. എഫ് വൺ ഖത്തർ ഗ്രാൻഡ്പ്രീ ഒക്ടോബർ ആറു മുതൽ എട്ടു വരെയും ഖത്തർ മോട്ടോ ജി.പി ഗ്രാൻഡ്പ്രീ നവംബർ 17 മുതൽ 19 വരെയും ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കും.

