മന്ത്രിസഭ യോഗം: ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഈദാശംസകള്‍ നേര്‍ന്നു
text_fieldsമനാമ: ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും മന്ത്രിസഭ ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ബലി പെരുന്നാള്‍ ഒരുക്കം ചര്‍ച്ച ചെയ്തു. നന്മയും സമാധാനവും ശാന്തിയും അനുഗ്രഹങ്ങളും നിറഞ്ഞ സന്ദര്‍ഭമായി ഈദ് ദിനങ്ങള്‍ മാറട്ടെയെന്നും ആശംസിച്ചു.
കോവിഡ്-19 മായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതപ്പെടുത്താന്‍ കാബിനറ്റ് യോഗം തീരുമാനിച്ചു. സാമൂഹിക അകലം പാലിക്കുന്നതിനും ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും നിര്‍ദേശം നല്കി. ഈദ് അവധി ദിനങ്ങളില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉണര്‍ത്തിയിട്ടുണ്ട്.
വീടുകളിലടക്കം കുടുംബങ്ങളുടെ ഒത്തുകൂടല്‍ പരമാവധി കുറക്കാനും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം ഒരുമിക്കാനും സാധിക്കേണ്ടതുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കിരീടാവകാശി നിര്ദേശംന നല്കി. ഓണ്‍ലൈന്‍ പഠനം ഓപ്ഷനായി നല്‍കാനാണ് തീരുമാനം. സുരക്ഷിതമായ അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താനുള്ള സൗകര്യമൊരുക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ വിവിധ അതോറിറ്റികളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ദേര്‍, സമാഹിജ് എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ പാര്‍പ്പിട വിഷയം പരിഹരിക്കുന്നതിന് പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യമന്ത്രി, പാര്‍പ്പിടകാര്യ മന്ത്രി എന്നിവരെ കിരീടാവകാശി ചുമതലപ്പെടുത്തി.
