വിമാനം വൈകി; കോഴിക്കോട്ടേക്കുള്ള യാത്രക്കാർ അബൂദബിയിൽ കുടുങ്ങിയത് 15 മണിക്കൂർ
text_fieldsമനാമ: വിമാനക്കമ്പനി അധികൃതരുടെ അനാസ്ഥമൂലം, അവധിക്കാലത്ത് നാട്ടിലേക്കുപോയ കുടുംബങ്ങൾ പെരുവഴിയിലായി. കോഴിക്കോട്ടേക്ക് അബൂദബി വഴിയുള്ള എയർ അറേബ്യയുടെ കണക്ഷൻ ഫ്ലൈറ്റിൽ ബഹ്റൈനിൽനിന്ന് പുറപ്പെട്ട കുടുംബങ്ങളാണ് ഒരു രാത്രിയും പകലും വിമാനത്താവളത്തിൽ കുടുങ്ങിയത്.
ചൊവ്വാഴ്ച രാത്രി പത്തിന് ബഹ്റൈനിൽ നിന്ന് പുറപ്പെടേണ്ട വിമാനത്തിലാണ് 21 ആളുകൾ അടങ്ങുന്ന മൂന്ന് കുടുംബങ്ങൾ ടിക്കറ്റെടുത്തിരുന്നത്. വിമാനം പക്ഷേ രാത്രി ഒരുമണിക്കാണ് പുറപ്പെട്ടത്. അബൂദബിയിൽനിന്ന് 2.25നായിരുന്നു കോഴിക്കോട്ടേക്കുള്ള കണക്ഷൻ വിമാനം. എന്നാൽ, വേറെ വിമാനത്തിൽ ടിക്കറ്റ് നൽകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാർ പുറപ്പെടുകയായിരുന്നു.
അബൂദബിയിലെത്തിയപ്പോൾ വേറെ സർവിസ് ഇല്ല എന്നറിയിച്ചു. വെളുപ്പിന് മൂന്നുമണിക്കെത്തിയ യാത്രക്കാർക്ക് എയർപോർട്ട് ലോഞ്ചിൽ സൗകര്യം നൽകിയത് ബുധനാഴ്ച പകൽ മാത്രമാണ്. തുടർന്ന് ബുധനാഴ്ച രാത്രി മാത്രമാണ് അവർക്ക് കോഴിക്കോട്ടേക്ക് പുറപ്പെടാനായത്.

