ഐ.സി.എഫ് റിഫ സെൻട്രൽ മദ്ഹുറസൂൽ സമ്മേളനം
text_fieldsഐ.സി.എഫ് റിഫ സെൻട്രൽ മദ്ഹുറസൂൽ സമ്മേളനം
മനാമ: തിരുനബി (സ്വ) യുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ ഐ.സി.എഫ് റിഫ സെൻട്രൽ കമ്മിറ്റി റിഫ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മദ്ഹുറസൂൽ സമ്മേളനം ശ്രദ്ധേയമായി. ഐ.സി.എഫ് നാഷനൽ എജുക്കേഷൻ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ റഫീഖ് ലത്വീഫിയുടെ അധ്യക്ഷതയിൽ പ്രമുഖ പണ്ഡിതൻ ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഫി സഖാഫി മുണ്ട മദ്ഹുറസൂൽ പ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി എം.സി. അബ്ദുൽ കരീം ഹാജി, റിഫ സെൻട്രൽ പ്രസിഡന്റ് ശംസുദ്ദീൻ സുഹരി, മജ്മഉ തഅലീമിൽ ഖുർആൻ റിഫ മദ്റസയിലെ സ്റ്റുഡന്റ്സ് കൗൺസിൽ ക്യാപ്റ്റൻ മുഹമ്മദ് യാസിർ നജിം എന്നിവർ സംസാരിച്ചു.
സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ 5, 7 ക്ലാസുകളിൽ നടന്ന പൊതു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കും കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മദ്റസ വിദ്യാർഥികൾക്കും പരിപാടിയിൽ വെച്ച് മെമന്റോ നൽകി ആദരിച്ചു. പി.എം. സുലൈമാൻ ഹാജി, അബ്ദുൽ അസീസ് ഹാജി കൊടുമയിൽ, ഉമ്മർ ഹാജി, അബ്ദുൽ നാസർ, അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി. റിഫ സെൻട്രൽ ജനറൽ സെക്രട്ടറി ഫൈസൽ എറണാകുളം സ്വാഗതവും ആസിഫ് നന്തി നന്ദിയും പറഞ്ഞു.

