കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ ഇന്ന്
text_fieldsസാദിഖലി തങ്ങൾ മുഖ്യാതിഥി
മനാമ: കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഗ്രാൻഡ് ഇഫ്താർ ഇന്ന് ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ന് രാവിലെ തങ്ങളെ ബഹ്റൈൻ എയർപോർട്ടിൽ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിക്കും. സ്വദേശി പ്രമുഖർ, ഇന്ത്യൻ എംബസി പ്രതിനിധികൾ, ബഹ്റൈനിലെ മത, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, മലയാളി സംഘടന ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഇഫ്താറിൽ പങ്കെടുക്കും.
ഗ്രാൻഡ് ഇഫ്താർ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയായി. സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ കെഎംസിസി ജില്ലാ/ഏരിയ/മണ്ഡലം/പഞ്ചായത്ത് ഭാരവാഹികൾ, നാനൂറോളം വളന്റിയർമാർ ഉൾപ്പെടെ വിപുല സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഇന്ത്യൻ സ്കൂളിനു പരിസരത്തെ വിപുലമായ പാർക്കിങ്ങിനു പുറമെ ഇത്തവണ സേക്രഡ് ഹാർട്ട് സ്കൂൾ ഗ്രൗണ്ടും പാർക്കിങ്ങിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. ഗ്രാൻഡ് ഇഫ്താറിന് വരുന്നവർ വൈകുന്നേരം അഞ്ചിന് മുമ്പ് സ്കൂൾ ഗ്രൗണ്ടിൽ പ്രവേശിച്ച് ഇരിപ്പിടങ്ങളിൽ ഇരിക്കണമെന്ന് സംഘാടകർ അറിയിച്ചു.

