മാധ്യമം ഹെൽപ്പ് ഡെസ്ക്
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. [email protected] എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
? കഴിഞ്ഞ ആഴ്ചയിൽ താങ്കൾ ലീവിങ് ഇൻഡമിനിറ്റിയുടെ കാര്യം എഴുതിയിരുന്നല്ലോ. അതിൽ സോഷ്യൽ അലവൻസിന്റെ കാര്യവും എഴുതിയിരുന്നു. എന്താണ് സോഷ്യൽ അലവൻസ് എന്ന് വ്യക്തമാക്കുമോ? ഞങ്ങളുടെ കമ്പനിയിൽ വീട്ടുവാടക, കാർ അലവൻസ് ഇതൊക്കെ നൽകുന്നുണ്ട്. ഇതൊെക്ക സോഷ്യൽ അലവൻസാണോ? - ജയന്ത്
●തൊഴിൽ നിയമത്തിൽ സോഷ്യൽ അലവൻസ് എന്നു മാത്രമേ പറയുന്നുള്ളൂ. അതിൽ ഏതൊക്കെ വരുമെന്ന് പറയുന്നില്ല. ഇവിടത്തെ പല അഭിഭാഷകരുമായും ഇതിനെപ്പറ്റി തിരക്കിയപ്പോൾ പറയുന്നത് തൊഴിൽ കരാറിൽ സോഷ്യൽ അലവൻസ് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടെങ്കിൽ മാത്രമേ അത് ലീവിങ് ഇൻഡമിനിറ്റി കണക്കാക്കുമ്പോൾ ബേസിക് സാലറിയുടെ കൂടെ കൂട്ടുകയുള്ളൂ എന്നാണ്. മറ്റ് അലവൻസുകൾ ഒന്നും സോഷ്യൽ അലവൻസായി കണക്കാക്കുകയില്ല. ഈ വിഷയത്തിൽ കോടതി തീരുമാനങ്ങളും ഉണ്ടെന്ന് അറിയാൻ സാധിച്ചു. കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.

