മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ മലർവാടിയുടെ കീഴിൽ സംഘടിപ്പിച്ച 'മഴവില്ല് മെഗ ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി പ്രാഥമിക റൗണ്ടിൽ പങ്കെടുത്ത ആയിരത്തിലധികം കുട്ടികളിൽ നിന്നും 50 വീതം കുട്ടികളെയാണ് ഓരോ കാറ്റഗറിയിൽ നിന്നും തിരഞ്ഞെടുത്തിരുന്നത്. ഇവർക്കായി മഖ്ശയിലെ ഇബ്നുൽ ഹൈഥം സ്കൂളിൽ നടത്തിയ ഫൈനൽ മത്സരത്തിൽ മാറ്റുരച്ചവരിൽ നിന്നാണ് ജേതാക്കളെ കണ്ടെത്തിയത്.
കിഡ്സ് വിഭാഗത്തിൽ ധ്രുവിക സദാശിവ്, ടി. ഹവ്വ , ലാവണ്യ ഗുപ്ത എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ പ്രാച്ചി പ്രസാദ്, നജ നഹാൻ, അമിയ എന്നിവരും ജൂനിയർ വിഭാഗത്തിൽ ത്രിദേവ് കരുൺ, അൻജൻ രാജാറാം ശുഭ, അദീബ് കെ.ടി എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികളെ സിഞ്ചിലെ ഫ്രൻഡ്സ് ഹാളിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ വെച്ച് ആദരിക്കുമെന്ന് മത്സര കമ്മിറ്റി കൺവീനർ എം. അബ്ബാസ് അറിയിച്ചു. ഹരീഷ് മേനോൻ, സന്തോഷ് പോരുവഴി, അഞ്ജന ശിവദാസ് എന്നിവർ വിധികർത്താക്കളായിരുന്നു.

