മനാമ-സരജേവോ സ്ഥിരം വിമാന സർവിസ് ടൂറിസം സാധ്യതകൾ വർധിപ്പിക്കും
text_fieldsബഹ്റൈൻ-ബോസ്നിയ ആൻഡ് ഹെർസഗോവിന ഫ്രണ്ട്ഷിപ് ആൻഡ് ബിസിനസ് അസോസിയേഷൻ വാർത്തസമ്മേളനം
മനാമ: ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ ടൂറിസം സാധ്യതകൾ വളരെ വലുതാണെന്ന് ബഹ്റൈൻ-ബോസ്നിയ ആൻഡ് ഹെർസഗോവിന ഫ്രണ്ട്ഷിപ് ആൻഡ് ബിസിനസ് അസോസിയേഷൻ.
ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബഹ്റൈനിൽനിന്ന് ബോസ്നിയ ആൻഡ് ഹെർസഗോവിനയിലേക്ക് സ്ഥിരം വിമാന സർവിസ് ആരംഭിക്കേണ്ടതുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് ജവാദ് ബിൻ യൂസഫ് അൽ ഹവാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ചാർട്ടേഡ് വിമാന സർവിസാണ് മനാമക്കും സരജേവോക്കും ഇടയിലുള്ളത്. രാജ്യങ്ങൾ തമ്മിലുള്ള എല്ലാ മേഖലകളിലുമുള്ള സഹകരണവും ബന്ധവും വ്യാപാരവും ശക്തമാകാൻ സ്ഥിരം ഡയറക്ട് വിമാന സർവിസ് സഹായിക്കും.
വിനോദസഞ്ചാരവും നിക്ഷേപവും വർധിക്കാനും ഇടയാക്കും. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഇതുവഴി ബോസ്നിയ, ഹെർസഗോവിനയിലേക്ക് യാത്ര ചെയ്യാനും കിഴക്കൻ, പടിഞ്ഞാറൻ യൂറോപ്പിൽ എത്തിച്ചേരാനും സാധിക്കും. ഇത് ബഹ്റൈനെ സുപ്രധാന ലക്ഷ്യസ്ഥാനവും തന്ത്രപ്രധാനമായ സ്ഥലവുമാക്കുമെന്നും അദ്ദേഹം ചുണ്ടിക്കാണിച്ചു. ബഹ്റൈൻ-ബോസ്നിയ ആൻഡ് ഹെർസഗോവിന ഫ്രണ്ട്ഷിപ് ആൻഡ് ബിസിനസ് അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

