ക്ലൗഡ്ഫ്ലെയറിലുണ്ടായ സാങ്കേതിക പ്രശ്നം; രാജ്യത്ത് വെബ്സൈറ്റുകൾ പണിമുടക്കി
text_fieldsമനാമ: വെബ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ക്ലൗഡ്ഫ്ലെയറിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ചൊവ്വാഴ്ച രാജ്യത്തെ നിരവധി വെബ്സൈറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. വെബ്സൈറ്റുകൾക്കും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കുമായി പ്രധാന സാങ്കേതിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്ഫോമാണ് ക്ലൗഡ്ഫ്ലെയർ. ഇതിൽ സാങ്കേതിക പ്രശ്നങ്ങൾ വന്നതാണ് വെബ്സൈറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചത്.
സൈറ്റുകൾ തുറക്കുന്ന ഉപയോക്താക്കൾക്ക് നിലവിൽ ഇന്റേണൽ സർവർ എറർ, ക്ലൗഡ്ഫ്ലെയർ ചാലഞ്ച് എററർ എന്നീ സന്ദേശങ്ങളാണ് ലഭിക്കുന്നത്. ബെനഫിറ്റ് പേയിലടക്കം ബുദ്ധിമുട്ട് നേരിട്ടു. രാജ്യത്തെ വാർത്താ സൈറ്റുകളും ആപ്പുകളും പ്രശ്നം നേരിട്ടിരുന്നു. വെബ്സൈറ്റുകൾക്കൊപ്പം സമൂഹമാധ്യമമായ എക്സും പണിമുടക്കി. ഇതോടെ എക്സില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാനോ അപ്ഡേറ്റുകള് കാണാനോ സാധിക്കാത്ത നിലയിലായി. ഓപണ്‍ എ.ഐയുടെ ചാറ്റ് ജി.പി.ടിയുടെ സേവനങ്ങളും നിലച്ചിരുന്നു. ബഹ്റൈനൊപ്പം, കുവൈത്ത്, ഒമാൻ, ഇന്ത്യ, യു.എസ് എന്നീ രാജ്യങ്ങളിലടക്കം ലോകത്തെ വിവിധയിടങ്ങളില്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു.

