ആശ്വാസം; വെള്ളിയാഴ്ചയോടെ ഉഷ്ണം കുറയും
text_fieldsമനാമ: ചൂട് സാരമില്ല ഈർപ്പം അൽപം കുറഞ്ഞെങ്കിൽ, ബഹ്റൈനിലുള്ള എല്ലാവരും കഴിഞ്ഞ ഒരാഴ്ചയായി ചിന്തിക്കുന്നതാണിത്. കഴിഞ്ഞ ആഴ്ചയിൽ അന്തരീക്ഷ ഈർപ്പം (ഹുമിഡിറ്റി ) 90 ശതമാനത്തിന് മുകളിലായിരുന്നു. ചൂടിനൊപ്പം ഉയർന്ന അന്തരീക്ഷ ഈർപ്പവും ചേർന്നുണ്ടാകുന്ന ഉഷ്ണാവസ്ഥയാണ് എല്ലാവർക്കും പ്രയാസം സൃഷ്ടിച്ചത്. ഈ ആഴ്ച അവസാനത്തോടെ ഈർപ്പം കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. ഈ വെള്ളിയാഴ്ചയോടെ പരമാവധി ഈർപ്പം 70 ശതമാനമായി കുറയുമെന്നാണ് ദേശീയ കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്. ചൊവ്വാഴ്ച 85 ശതമാനവും ബുധനാഴ്ച 80 ശതമാനവുമായിരുന്നു അന്തരീക്ഷ ഈർപ്പം. വെള്ളിയാഴ്ച പകൽ മണിക്കൂറിൽ 46.3 കിലോമീറ്റർ വേഗത്തിൽ വടക്കൻ കാറ്റ് വീശുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇത് അന്തരീക്ഷം തണുക്കാനിടയാക്കും. ചില പ്രദേശങ്ങളിൽ പൊടിക്കാറ്റുണ്ടാകാനിടയുണ്ട്. ഉയർന്ന തിരമാലയുണ്ടാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം. വെള്ളിയാഴ്ച 43 ഡിഗ്രി സെൽഷ്യസായിരിക്കും പരമാവധി താപനില. ചൊവ്വാഴ്ച 44 ഡിഗ്രിയായിരുന്നു.

