മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം ഇന്ന്
text_fieldsമനാമ: പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും വളർത്തിയെടുക്കാനായി ഐമാക് കൊച്ചിൻ കലാഭവനുമായി ചേർന്ന് സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് മെഗ ചിത്രരചന മത്സരം വെള്ളിയാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും. എൽ.കെ.ജി മുതൽ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്കായി കിഡ്സ്, സബ്ജൂനിയർ, ജൂനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ഇതിനകം 2000ഓളം വിദ്യാർഥികൾ രജിസ്ട്രേഷൻ നടത്തിയതായി പോഗ്രാം കോഓഡിനേറ്റർ നൗമൽ റഹ്മാൻ അറിയിച്ചു.
ബി.എം.സി ഹാളിൽ ഓഫ്ലൈനായി നടക്കുന്ന ഉദ്ഘാടന സെഷനിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, സൗദി അൽജുബൈൽ യൂത്ത് ഇന്ത്യ പ്രസിഡൻറ് റയ്യാൻ മൂസ, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ, മലർവാടി ബഹ്റൈൻ കോഓഡിനേറ്റർ സക്കീന അബ്ബാസ് എന്നിവർ പങ്കെടുക്കും. പരിപാടി ഫ്രൻഡ്സ് ഫേസ്ബുക്ക് പേജിലൂടെ കാണാവുന്നതാണ്.

