രണ്ടാം ബഗ്ദാദ് സഹകരണ-പങ്കാളിത്ത സമ്മേളനം: കുവൈത്ത് പ്രധാനമന്ത്രി പങ്കെടുത്തു
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ ജോർഡൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ജോർഡനിൽ നടന്ന രണ്ടാം ബഗ്ദാദ് സഹകരണ-പങ്കാളിത്ത സമ്മേളനത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് പങ്കെടുത്തു.
കുവൈത്തിനെ കൂടാതെ ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, തുർക്കി, ഇറാൻ എന്നിവയുൾപ്പെടെ മിഡിലീസ്റ്റിലെ പ്രധാന രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്തു. ഇറാഖിന്റെ പരമാധികാരത്തിനും സുരക്ഷക്കും പിന്തുണ നൽകുന്നതിനുമുള്ള മാർഗങ്ങളും രാജ്യത്ത് സ്ഥിരത നിലനിർത്താനുള്ള സാധ്യതകളും സമ്മേളനം ചർച്ച ചെയ്തു.
സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ജോർഡനിലെത്തിയ പ്രധാനമന്ത്രിയെ ജോർഡനിലെ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, പ്രധാനമന്ത്രി ബിഷർ അൽ ഖസാവ്നെ, ജോർഡനിലെ കുവൈത്ത് അംബാസഡർ അസീസ് അൽ ദൈഹാനി, എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രിയുടെ അണ്ടർ സെക്രട്ടറി ദിവാൻ ശൈഖ് ഖാലിദ് തലാൽ അൽ ഖാലിദ് അസ്സബാഹ്, ഓഫിസ് മേധാവി ഹമദ് ബാദർ അൽ അമീർ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.

