ഇന്ന് കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് വൈകും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് യാത്രക്കാരെ വീണ്ടും വൈകിപ്പിച്ച് എയർഇന്ത്യ എക്സ്പ്രസ്. ബുധനാഴ്ച കോഴിക്കോട്-കുവൈത്ത് സെക്ടറിൽ വിമാനം വൈകുമെന്ന് എയർഇന്ത്യ അറിയിച്ചു. മൂന്നു മണിക്കൂറോളം വൈകിയാണ് ബുധനാഴ്ച സർവിസ് നടത്തുക. കോഴിക്കോട് നിന്ന് രാവിലെ ഒമ്പതിനു പുറപ്പെടേണ്ട വിമാനം 11.45നാണ് പുറപ്പെടുക. കുവൈത്തിൽ എത്താൻ 2.15 ആകും. ഒമ്പതിനു കോഴിക്കോട് നിന്നു പുറപ്പെട്ട് പ്രാദേശിക സമയം 11.40ന് കുവൈത്തിൽ എത്തുന്ന വിമാനമാണിത്. കോഴിക്കോട് വിമാനം വൈകുന്നതോടെ കുവൈത്തിൽ നിന്നുള്ള യാത്രയും വൈകും. ഉച്ചക്ക് 12.40ന് പതിവായി കുവൈത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25നാണ് പുറപ്പെടുക. ഇതോടെ രാത്രി 8.10ന് കോഴിക്കോട് എത്തേണ്ട വിമാനം 11.45നാണ് എത്തുക. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായി എയർഇന്ത്യ ജീവനക്കാർ നടത്തിയ സമരം കുവൈത്ത് യാത്രക്കാരെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ബുധൻ, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും ബുധനാഴ്ച കണ്ണൂരിലേക്കുമുള്ള സർവിസുകളും മുടങ്ങി. ഇതിന്റെ ക്ഷീണം മാറും മുമ്പാണ് ബുധനാഴ്ച വീണ്ടും വിമാനം വൈകുന്നത്.

