ഹഷീഷുമായി വിമാനത്താവളത്തിൽ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്നായ ഹഷീഷുമായി യാത്രികനെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി. അറബ് രാജ്യത്ത് നിന്ന് വരികയായിരുന്ന ഇയാളെ ടർമിനൽ-5ൽ നിന്നാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. സംശയം തോന്നി പരിശോധിച്ച ഇയാളിൽനിന്ന് 28 ഹഷീഷ് കഷണങ്ങൾ കണ്ടെടുക്കുകയായിരുന്നു. ഷാംപൂ ബോക്സുകളിൽ തിരിച്ചറിയാത്തവണ്ണം ഒളിപ്പിച്ച നിലയിലായിരുന്നു ഹഷീഷ്. അറബ് ദേശത്തുനിന്നുള്ള ആളാണ് യാത്രക്കാരൻ.
പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. മയക്കുമരുന്ന് കണ്ടെത്തിയ ജീവനക്കാരെ ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. കസ്റ്റംസ് ജീവനക്കാരുടെ ജാഗ്രതക്കും അർപ്പണബോധത്തിനും നന്ദിയും ആശംസകളും അറിയിക്കുകയും ചെയ്തു. മയക്കുമരുന്ന്, കള്ളക്കടത്ത് എന്നിവയെ നേരിടുന്നതിൽ പരിശ്രമം തുടരാൻ ജീവനക്കാരോട് ഉന്നത ഉദ്യോഗസ്ഥർ ഉണർത്തി.

