തിരുവല്ല സ്വദേശി വാഹനാപകടത്തിൽ മരിച്ചു
text_fieldsഅപകടത്തിൽപെട്ട കാർ
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയും പത്തനംതിട്ട തിരുവല്ല തലവടി സ്വദേശിയുമായ മാമ്മൂട്ടിൽ ലാജി എം. ചെറിയാൻ (54) വാഹനാപകടത്തിൽ മരിച്ചു. കുവൈത്ത് എൻ.ബി.ടി.സി കമ്പനിയിലെ ജനറൽ വർക്ക്സ് വിഭാഗത്തിന്റെ മാനേജറായി ജോലിചെയ്യുകയായിരുന്നു. കമ്പനിയുടെ സൗദി പ്രോജക്ടിൽ ആയിരുന്നു നിലവിൽ ചുമതല. വെള്ളിയാഴ്ച അവധി ആയതിനാൽ സൗദിയിൽനിന്നും കുവൈത്തിലുള്ള കുടുംബത്തിന്റെ അടുത്തേക്ക് ഡ്രൈവ് ചെയ്ത് വരുന്നതിനിടയിൽ കഫ്ജിക്കടുത്താണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.
25 വർഷമായി കുവൈത്തിൽ പ്രവാസിയായ ലാജി എം. ചെറിയാൻ രണ്ടുമാസം മുമ്പാണ് സൗദി പ്രോജക്ടിലേക്ക് മാറിയത്. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകാംഗവും സജീവ പ്രവർത്തകനുമായിരുന്നു.
ഭാര്യ: കൈനകരി പത്തിൽ അനിറ്റാ ചെറിയാൻ (കുവൈത്ത് കിപിക്സ് ജീവനക്കാരി). മക്കൾ: ജോ ആൻ അച്ചു ചെറിയാൻ, ജെസ്ലിൻ എൽസ ചെറിയാൻ, ജെയ്ഡൻ അന്ന ചെറിയാൻ. അൽഖഫ്ജി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

