കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത് അമീറുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ അനുശോചനം അർപ്പിക്കാനും പുതിയ അമീർ ശൈഖ് നവാഫ് അസ്സബാഹിനും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും ആശംസ നേരാനുമാണ് കേന്ദ്ര മന്ത്രി കുവൈത്തിലെത്തിയത്.
ഞായറാഴ്ച രാത്രി കുവൈത്തിലെത്തിയ മന്ത്രി തിങ്കളാഴ്ച മടങ്ങും. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ കത്തുകൾ അദ്ദേഹം കുവൈത്ത് ഭരണനേതൃത്വത്തിന് കൈമാറി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധം എടുത്തുപറഞ്ഞ മന്ത്രി കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണക്കും പരിഗണനക്കും കുവൈത്ത് അധികൃതരെ നന്ദി അറിയിച്ചു.
ശൈഖ് സബാഹിന് കീഴിൽ ഇന്ത്യയും കുവൈത്തും തമ്മിലുണ്ടായിരുന്ന ഉൗഷ്മള ബന്ധം പുതിയ ഭരണ നേതൃത്വത്തിന് കീഴിലും ശക്തിപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കുവൈത്ത് പെട്രോളിം മന്ത്രി ഡോ. ഖാലിദ് അൽ ഫാദിലുമായും മന്ത്രി ധർമേന്ദ്ര പ്രധാൻ കൂടിക്കാഴ്ച നടത്തി.

