ശീതതരംഗ മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങൾക്കൊപ്പം കുവൈത്തിലും വരുംദിവസങ്ങളിൽ തണുപ്പുവർധിക്കും. സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ, ഇറാഖ്, ജോർഡൻ, സിറിയ, ലെബനാൻ എന്നിവയുടെ ചില ഭാഗങ്ങൾക്കൊപ്പം കുവൈത്തിനെയും ഈ ആഴ്ച മേഖലയിൽ വീശുന്ന തണുപ്പ് സാരമായി ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ ചിലതിന്റെ പർവതങ്ങളിൽ ഇതിനകം മഞ്ഞ് വീഴുന്നുണ്ടെന്നും റമദാൻ ‘എക്സ്’ പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ അറിയിച്ചു.
ഞായറാഴ്ച ഉച്ചക്കുശേഷം മുതൽ താപനില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. പർവതപ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. പ്രദേശത്ത് അതിശൈത്യ തരംഗങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കാലാവസ്ഥാ പ്രതിഭാസം ഉണ്ടാകുന്നത്. ഇത് ജനങ്ങളിൽ വ്യത്യസ്തമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർ താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്കും തയാറാകണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

