താപനില ഉയരും, പൊടിക്കാറ്റിന് സാധ്യത
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഉയർന്ന മർദം നിലനിൽക്കുന്നതിനാൽ ഈ ആഴ്ച പകൽ ചൂടുള്ളതും രാത്രി മിതമായ കാലാവസ്ഥയുമാകുമെന്ന് കാലാവസ്ഥ വകുപ്പ്. നേരിയതോ മിതമായതോ ആയ വേഗതയിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽനിന്ന് കാറ്റ് വീശാം. തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
വെള്ളിയാഴ്ച മണിക്കൂറിൽ എട്ടു മുതൽ 28 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റോടുകൂടിയ ചൂടുള്ള കാലാവസ്ഥയാകും. പരമാവധി താപനില 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കടൽ നേരിയതോ മിതമായതോ ആയിരിക്കും.
വെള്ളിയാഴ്ച രാത്രി കാലാവസ്ഥ മിതമായതായി തുടരും. നേരിയതോ മിതമായതോ ആയ വേഗതയിൽ കാറ്റു വീശും. കുറഞ്ഞ താപനില 17 നും 19 നും ഇടയിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശനിയാഴ്ച കാലാവസ്ഥ വീണ്ടും ചൂടുള്ളതായിരിക്കും. വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ എട്ടു മുതൽ 28 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശും. പകൽ പരമാവധി താപനില 32 നും 34 നും ഇടയിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയാഴ്ച വൈകുന്നേരം മിതമായ കാലാവസ്ഥയായിരിക്കും.
വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ ആറു മുതൽ 28 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റും വീശാം. കുറഞ്ഞ താപനില 18 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയാകും.

