വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ; കുവൈത്തിൽ ഇന്ന് പെരുന്നാൾ പുലരി
text_fieldsചുവക്കട്ടെ പെരുന്നാൾ സന്തോഷം... പെരുന്നാൾ ആഘോഷത്തിനായി മൈലാഞ്ചി അണിയിക്കുന്ന മെഹന്ദി ആർട്ടിസ്റ്റ് നുസ്റിയ
കുവൈത്ത് സിറ്റി: മാനത്ത് ശവ്വാൽ അമ്പിളി തെളിഞ്ഞു. റമദാൻ വ്രതശുദ്ധിയുടെ പുണ്യവുമായി ഇസ്ലാം മത വിശ്വാസികൾ ഞായറാഴ്ച ഈദുൽ ഫിത്ർ ആഘോഷിക്കും. ശനിയാഴ്ച വൈകീട്ട് മാനത്ത് അമ്പിളിക്കല തെളിഞ്ഞതോടെ തക്ബീര്‍ ധ്വനികളോടെ വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേറ്റു.
പെരുന്നാൾ സന്തോഷങ്ങൾ പങ്കുവെച്ച് ജനങ്ങൾ പരസ്പരം ആശംസകൾ നേർന്നു.ശനിയാഴ്ച ശവ്വാൽ മാസത്തിലെ ആദ്യ ദിനവും ഈദുൽ ഫിത്ർ ദിനവുമാണെന്ന് കുവൈത്ത് ശരീഅ വിഷൻ അതോറിറ്റി അറിയിച്ചു. നേരത്തേ സൗദിയിൽ മാസപ്പിറ കണ്ടതോടെ കുവൈത്തിലും ശനിയാഴ്ച ആകും പെരുന്നാളെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു.
ഞായറാഴ്ച രാവിലെ പള്ളികളിലും ഈദ്ഗാഹുകളിലുമായി വിശ്വാസികൾ ഒത്തുകൂടി പെരുന്നാൾ നമസ്കാരം നിർവഹിക്കും. രാവിലെ 5:56നാണ് പെരുന്നാള്‍ നമസ്കാരം. 57 കേന്ദ്രങ്ങൾ ഈദ് ഗാഹിനായി ഔദ്യോഗികമായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. യൂത്ത് സെന്ററുകൾ, മൈതാനങ്ങൾ എന്നിവയാണ് ഈദ് ഗാഹിനായി നിശ്ചയിച്ച സ്ഥലങ്ങള്‍. ഇവിടങ്ങളിൽ നമസ്കാരങ്ങൾക്ക് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മലയാളികൾ അടക്കം വിവിധ സംഘടനകൾക്കു കീഴിൽ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച പള്ളികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഫിത്ർ സകാത്ത് ശേഖരണവും സജീവമായിരുന്നു. പ്രാദേശികമായുള്ള ഫിത്ർ സകാത്ത് വിതരണത്തിനുപുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഷ്ടതയനുഭവിക്കുന്ന വിശ്വാസികൾക്ക് ഇതിന്റെ വിഹിതം എത്തിക്കാനുള്ള ഏർപ്പാടുകളും വിവിധ സംഘങ്ങൾ ചെയ്തിട്ടുണ്ട്. പെരുന്നാൾ ദിനത്തിലും പിറ്റേന്നുമൊക്കെയായി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഈദ് സംഗമങ്ങളും കൂട്ടായ്മകളും അരങ്ങേറുന്നുണ്ട്.

