ജേക്കബ് കെ. ചാക്കോക്ക് യാത്രയയപ്പ് നൽകി
text_fieldsജേക്കബ് കെ. ചാക്കോക്ക് കോന്നി നിവാസി സംഗമത്തിന്റെ മെമന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഔദ്യോഗിക ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കോന്നി വെള്ളപ്പാറ സ്വദേശി ജേക്കബ് കെ. ചാക്കോക്ക് കോന്നി നിവാസി സംഗമം യാത്രയയപ്പ് നൽകി. 27 വർഷക്കാലമായി സംഗമത്തിന്റെ സജീവ പ്രവർത്തകനായിരുന്നു ജേക്കബ് കെ. ചാക്കോ. സംഘടനക്ക് നൽകിയ പിന്തുണക്ക് നന്ദി രേഖപ്പെടുത്തിയ അംഗങ്ങൾ ചടങ്ങിൽ സംഘടനയുടെ മെമന്റോ നൽകി ആദരിച്ചു. പ്രസിഡന്റ് ജോൺ മാത്യു മെമന്റോ കൈമാറി.
യാത്രയയപ്പ് പരിപാടിയിൽ കോന്നി നിവാസി സംഗമം പ്രസിഡന്റ് ജോൺ മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജീവ് സ്വാഗതം പറഞ്ഞു. തോമസ് ജോൺ ആശംസ അർപ്പിച്ചു. ചടങ്ങിൽ ബിജിമോൻ, അനിൽകുമാർ, ജിജി മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

