കുവൈത്തിൽനിന്ന് ഇൗജിപ്തിലേക്ക് ബുധനാഴ്ച മുതൽ വിമാന സർവിസ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇൗജിപ്തിലേക്ക് വിമാന സർവിസ് പുനരാരംഭിക്കുന്നു. ബുധനാഴ്ച മുതൽ പ്രതിദിന വിമാന സർവിസ് ഉണ്ടാവുമെന്ന് സിവിൽ വ്യോമയാന വകുപ്പ് ട്വിറ്ററിൽ അറിയിച്ചു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യാത്ര വിമാനങ്ങൾ നിർത്തിയശേഷം രണ്ട് വിമാനങ്ങൾ മാത്രമാണ് യാത്രക്കാരെ കൊണ്ടുപോയത്. മിഡിലീസ്റ്റ് എയർ വിമാനത്തിൽ ലെബനോൻ പൗരന്മാരെയും ഇൗജിപ്ത് എയർ വിമാനത്തിൽ ഇൗജിപ്ത് പൗരന്മാരെയുമാണ് കൊണ്ടുപോയത്.
ബുധനാഴ്ച മുതൽ മാർച്ച് 30 വരെ ഇൗജിപ്ത് എയർ വിമാനമാണ് കുവൈത്തിൽനിന്ന് ഇൗജിപ്ത് പൗരന്മാരെയുമായി കെയ്റോയിലേക്ക് പറക്കുക. ഇൗജിപ്ത് ഭരണകൂടത്തിെൻറ പ്രത്യേക അഭ്യർഥന മാനിച്ചാണ് കുവൈത്ത് വ്യോമയാന വകുപ്പ് വിമാന സർവിസിന് അനുമതി നൽകിയത്. കുവൈത്തിലെ ഇൗജിപ്ത് എംബസിയുമായാണ് ബന്ധപ്പെടേണ്ടത്.
