12 വിമാനങ്ങളിൽ 2571 വിദേശികൾ യാത്രയായി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ശനിയാഴ്ച 12 വിമാനങ്ങളിൽ 2571 വിദേശികൾ തിരിച്ചുപോയി. തിരുച്ചിറപ്പള്ളി, ചെന്നൈ, ഡൽഹി (ഇന്ത്യ), കൈറോ (ഇൗജിപ്ത്), ബാംകോ (മാലി), സൊഹഗ് (ഇൗജിപ്ത്), ദോഹ (ഖത്തർ) എന്നിവിടങ്ങളിലേക്കാണ് വിമാന സർവിസ് നടത്തിയത്. കൈറോയിലേക്ക് അഞ്ച് വിമാനങ്ങളും ചെന്നൈയിലേക്ക് രണ്ട് വിമാനങ്ങളും സർവിസ് നടത്തി.ഇന്ത്യയിലെ ഡൽഹി വഴി ഭുവനേശ്വറിലേക്ക് വന്ദേ ഭാരത് മിഷെൻറ ഭാഗമായും തിരുച്ചിറപ്പള്ളി, ചെന്നൈ എന്നിവിടങ്ങളിലേക്ക് പൊതുമാപ്പിന് രജിസ്റ്റർ ചെയ്തവരുമായുമാണ് വിമാനം പറന്നത്.
ഡൽഹിയിലേക്ക് എയർ ഇന്ത്യയും തിരുച്ചിറപ്പള്ളി, ചെന്നൈ എന്നിവിടങ്ങളിലേക്ക് കുവൈത്ത് എയർവേസും സർവിസ് നടത്തി. ചെന്നൈയിലേക്കുള്ള രണ്ട് വിമാനങ്ങളിലും 334 യാത്രക്കാർ വീതം ഉണ്ടായിരുന്നു. തിരുച്ചിറപ്പള്ളിയിലേക്ക് 130 പേരാണ് പോയത്. ഡൽഹി വിമാനത്തിൽ 156 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
