452 പേർക്കുകൂടി കോവിഡ്; 798 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 452 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,38,337 പേർക്കാണ് വൈറസ് ബാധിച്ചത്. 798 പേർ ഉൾപ്പെടെ 1,29,839 പേർ രോഗമുക്തി നേടി.
ഒമ്പതു പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 857 ആയി. ബാക്കി 7641 പേരാണ് ചികിത്സയിലുള്ളത്. 105 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 6068 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,29,227 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. മരണനിരക്ക് വീണ്ടും ഉയരുന്നതാണ് കഴിഞ്ഞ രണ്ടുദിവസത്തെ സവിശേഷത. രണ്ടും മൂന്നും ആയി കുറഞ്ഞ പ്രതിദിന മരണം വീണ്ടും ഉയരുന്നത് ആശങ്കയുയർത്തുന്നുണ്ട്. അതേസമയം, പുതിയ കേസുകളിൽ കുറവുണ്ട്. ഇതോടൊപ്പം രോഗമുക്തരുടെ എണ്ണവും കൂടുന്നതിനാൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വർധനയുണ്ടായില്ല.
നവംബറിൽ കോവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞുവരുന്നതിനാൽ അടുത്ത മാസം നിർണായകമാണ്. ഏതാനും ദിവസമായി പുതിയ കേസുകളേക്കാൾ കൂടുതലാണ് രോഗമുക്തി.

