ഒമാൻ സുൽത്താന് കുവൈത്തിന്റെ അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: സ്ഥാനാരോഹരണത്തിന്റെ നാലാം വാർഷികത്തിൽ ഒമാൻ സുൽത്താന് കുവൈത്തിന്റെ അഭിനന്ദനം. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽഅഹമ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദന സന്ദേശം അയച്ചു. സന്ദേശത്തിൽ അമീർ സുൽത്താന്റെ നേട്ടങ്ങളെ പ്രശംസിക്കുകയും അദ്ദേഹത്തിന് നിത്യമായ ആരോഗ്യവും ഒമാന് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢവും ചരിത്രപരവുമായ സാഹോദര്യ ബന്ധങ്ങളെ അമീർ പ്രശംസിച്ചു. എല്ലാ തലങ്ങളിലും നിലവിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സ്ഥിരവും സംയുക്തവുമായ താൽപര്യവും വ്യക്തമാക്കി.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് അഭിനന്ദന സന്ദേശം അയച്ചു.
സ്ഥാനാരോഹരണത്തിന്റെ നാലാം വാർഷികത്തിൽ ഒമാൻ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ശൈഖ് അബ്ദുൽ മാലിക് അൽ ഖലീലിക്കും ശൂറ കൗൺസിൽ ചെയർമാൻ ശൈഖ് ഖാലിദ് അൽ മവാലിക്കും കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ അഭിനന്ദന സന്ദേശം അയച്ചു.

