കോവിഡ്: 578 പുതിയ കേസുകൾ; 440 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച 578 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,58,822 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 440 പേർ ഉൾപ്പെടെ 1,51,936 പേർ രോഗമുക്തി നേടി. രണ്ടു പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 950 ആയി. ബാക്കി 5936 പേരാണ് ചികിത്സയിലുള്ളത്. 53 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
തീവ്രപരിചരണ വിഭാഗത്തിൽ മൂന്നുപേർ കുറഞ്ഞു. 8845 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 14,15,197 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ജനുവരിയിൽ പുതിയ കേസുകൾ കൂടുതലാണ്. നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്താണ് നില മെച്ചപ്പെട്ടത്.
എന്നാൽ, ജനുവരിയിൽ പുതിയ കേസുകൾകൂടി. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. രണ്ടര മാസം മുമ്പ് 3000ത്തിനടുത്ത് പേർ മാത്രം ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്താണ് 5936ലെത്തിയത്. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈത്തിൽ രണ്ടുപേരിൽ കണ്ടെത്തുകയും ചെയ്തു.

