കുവൈത്ത്; ഗതാഗത സേവനങ്ങള്‍ ഡിജിറ്റലാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ഓണ്‍ലൈനായി വാഹന ഉടമസ്ഥാവകാശം മാറ്റാനും വാഹനം പുതുക്കുന്നതിനുമായി പുതിയ സംവിധാനം ഒരുങ്ങുന്നു. ഗതാഗത സേവനങ്ങള്‍ ഡിജിറ്റലൈസേഷന് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പുതുക്കിയ നടപടിപ്രകാരം ബിമ ഇലക്ട്രോണിക് ഡോക്യുമെന്റ് സിസ്റ്റം വഴിയായിരിക്കും വാഹന ഇൻഷുറൻസ് പുതുക്കുക.
ഇത് സംബന്ധമായി ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റിന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് നിർദേശം നല്കി.
ഗതാഗത നിയമത്തിലെ എക്സിക്യൂട്ടിവ് റെഗുലേഷനിലെ 81/1976 റെസലൂഷൻ അനുസരിച്ചാണ് ഓൺലൈൻ സേവനം ആരംഭിക്കുന്നത്. വാഹന ഉടമസ്ഥാവകാശം ‘സഹൽ’ ആപ്ലിക്കേഷനിലൂടെയാണ് മാറ്റുക.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാലിന്റെ നിർദേശപ്രകാരമാണ് സേവനം നടപ്പാക്കുന്നത്. നേരത്തേ രാജ്യത്തെ ഇൻഷുറൻസ് ഫെഡറേഷൻ പ്രതിനിധികളുമായി നടന്ന യോഗത്തില്‍ വാഹന ഉടമസ്ഥാവകാശം പുതുക്കലും കൈമാറ്റവും ഉൾപ്പെടെയുള്ള സേവനങ്ങള്‍ ഓൺലൈനിൽ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

