കുവൈത്തിൽ കനത്ത ചൂടും പൊടിക്കാറ്റും ചാറ്റൽ മഴയും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ച അനുഭവപ്പെട്ടത് കനത്ത ചൂടും പൊടിക്കാറ്റും. വൈകീട്ടോടെ ശക്തമായ കാറ്റിനൊപ്പം പലയിടങ്ങളിലും ചാറ്റൽ മഴയുമെത്തി. അതേസമയം, അടുത്ത ദിവസങ്ങളിൽ പകൽ ആകാശം ഭാഗികമായി മേഘാവൃതവും മൂടിക്കെട്ടിയ അന്തരീക്ഷവുമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു. കാറ്റ് ഇടക്കിടെ മണിക്കൂറിൽ 15 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിലെത്താം. ഇത് പൊടിക്കാറ്റിന് കാരണമാവും. ഇടക്കിടെ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്. ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാകാം.
രാത്രിയിൽ കാലാവസ്ഥ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരിക്കും. കാറ്റ് തെക്കുകിഴക്കുനിന്ന് വടക്ക് പടിഞ്ഞാറോട്ട് നീങ്ങി മണിക്കൂറിൽ 20 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ വീശാൻ സാധ്യതയുണ്ട്. താപനിലയിൽ ജൂൺ മുതൽ ഗണ്യമായ വർധന ഉണ്ടാകും. ആഗസ്റ്റ് അവസാനം വരെ കനത്ത ചൂട് അനുഭവപ്പെടും.
പകലിന് നീളം കൂടി രാത്രി സമയം കുറയും. ദിവസങ്ങളായി രാജ്യത്ത് ശരാശരി 35 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തുന്നുണ്ട്.

