ഹെൽത്ത് ടെക്നോളജി അസസ്മെന്റ് പദ്ധതിയുമായി മുന്നോട്ട്
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ മേഖലയിലെ ഹെൽത്ത് ടെക്നോളജി അസസ്മെന്റ് പദ്ധതിയുടെ രൂപരേഖ അവലോകനം ചെയ്യുന്നതിനും അംഗീകരിക്കുന്നതിനുമായി ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു. അന്താരാഷ്ട്ര പങ്കാളികളുടെയും വിദഗ്ധരുടെയും സഹകരണത്തോടെ പദ്ധതിയുടെ പുരോഗതിയിൽ ലഭിച്ച നേട്ടങ്ങൾ മന്ത്രി പ്രശംസിച്ചു. സമഗ്ര ആരോഗ്യനയവും സുസ്ഥിരമായ ആരോഗ്യ സംവിധാനവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മെഡിക്കൽ സാങ്കേതികവിദ്യകളും മരുന്നുകളും ശാസ്ത്രീയവും സാമ്പത്തികവുമായ വിലയിരുത്തലുകൾക്ക് വിധേയമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ഡോ. ഹിഷാം കലന്ദർ വ്യക്തമാക്കി.
സുസ്ഥിരവും മൂല്യാധിഷ്ഠിതവുമായ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കുന്ന കുവൈത്ത് വിഷൻ 2035ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

