പാർട്ട് ടൈം ജോലി: വർക്ക് പെർമിറ്റിന് ഫീസ് നിശ്ചയിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യമേഖലാ തൊഴിലാളികൾക്ക് പാർട്ട് ടൈം ജോലി ചെയ്യുവാനുള്ള മാർഗനിർദേശങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കി. പാർട്ട് ടൈം ജോലി ചെയ്യുന്നവർ പാർട്ട് ടൈം വർക്ക് പെർമിറ്റിന് അപേക്ഷിക്കണം. ഇത്തരം ജീവനക്കാർ അവരുടെ തൊഴിലുടമയിൽ നിന്ന് അംഗീകാരം നേടിയിരിക്കണം. കൂടാതെ കരാർ മേഖല ഒഴികെയുള്ള ജോലി സമയം നാലു മണിക്കൂറിൽ കൂടരുത്. പാർട്ട് ടൈം വർക്ക് പെർമിറ്റിനുള്ള ഫീസ് പ്രതിമാസം അഞ്ച് ദിനാർ, മൂന്നു മാസത്തേക്ക് 10 ദീനാർ, ആറു മാസത്തേക്ക് 20 ദീനാർ, വർഷം മുഴുവനും 30 ദീനാർ എന്നിങ്ങനെയും നിശ്ചയിച്ചിട്ടുണ്ട്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ‘അശൽ’ പ്ലാറ്റ്ഫോമിലൂടെയാണ് പാർട്ട് ടൈം വർക്ക് പെർമിറ്റിന് അപേക്ഷിക്കേണ്ടത്.
രാജ്യത്തെ തൊഴിൽ വിപണി മെച്ചപ്പെടുത്തുക, ബിസിനസ് ഉടമകൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുക എന്നിവയാണ് പാർട്ട് ടൈം ജോലി ഏർപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.
പാർട്ട് ടൈം ജോലി അനുവദിക്കുന്നതോടെ വിദേശത്തുനിന്ന് പുതിയ റിക്രൂട്ട്മെന്റ് ഒഴിവാക്കാനും, രാജ്യത്തിനകത്തുള്ള പ്രവാസികളെ പരമാവധി ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ അഭാവം നികത്താനും സാധിക്കും. രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ സേവനം കൂടുതല്‍ കാര്യക്ഷമമായി തൊഴില്‍ മേഖലയില്‍ ഉപയോഗിക്കുവാന്‍ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ചെറുകിട കമ്പനികള്‍ക്കും തൊഴിലാളികൾക്കും പുതിയ തീരുമാനം ആശ്വാസമാകും. ഇതു സംബന്ധിച്ച് നേരത്തെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.

