നോമ്പിലും ചെയ്യാം, വ്യായാമം
text_fieldsവ്യായാമത്തിലൂടെ ആരോഗ്യദായകമായ ജീവിതം രൂപപ്പെടുത്താൻ ശ്രമിക്കുന്ന ഒട്ടേറെ പേരുണ്ട് നമുക്കു ചുറ്റും. കൃത്യമായ വ്യായാമവും ചിട്ടകളും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയവർ. ജീവിതശൈലീരോഗങ്ങളിൽനിന്നുള്ള മോചനത്തിന് വ്യായാമം നിർബന്ധമാണെന്ന് തിരിച്ചറിയുന്നവർ.
എന്നാൽ, റമദാനിൽ എല്ലാതരം വ്യായാമത്തിനും അവധി നൽകുന്ന പ്രവണതയുണ്ട്. ചൂടുകാലത്തെ വ്രതാനുഷ്ഠാനം, ക്ഷീണം, തിരക്ക് എന്നിവ മുൻനിർത്തിയാണ് പലരും ഇങ്ങനെ തീരുമാനിക്കുന്നത്. റമദാനിൽ കുറഞ്ഞ തോതിലെങ്കിലും വ്യായാമം നിലനിർത്തുന്നതാണ് അഭികാമ്യം.
ഒട്ടും വ്യായാമം ചെയ്യാത്ത ശീലമുള്ളവരാണ് നിങ്ങളെങ്കിൽ ഈ റമദാൻതന്നെയാകട്ടെ, അതിനു തുടക്കം കുറിക്കാൻ. എന്നാൽ, പകൽസമയത്ത് വ്യായാമം ഉപേക്ഷിക്കുകയാണ് നല്ലത്. ഇഫ്താറിനു ശേഷം രണ്ടുമണിക്കൂർ കഴിഞ്ഞ് വ്യായാമം ഉത്തമം. വെളുപ്പിന് നോമ്പെടുക്കുന്നതിന് രണ്ടുമണിക്കൂർ മുമ്പും ചെറിയ തോതിൽ വ്യായാമം നല്ലതാണ്. ഈ സമയങ്ങളിലും വലിയ കായികാധ്വാനമില്ലാത്ത വ്യായാമങ്ങളാണ് നല്ലത്.
നടത്തമാണ് ഏറ്റവും ഉത്തമം. നിന്നും കിടന്നുമുള്ള വ്യായാമങ്ങളിലും ഏർപ്പെടാം. പേശികളുടെ ചലനത്തിന് ഗ്ലൂക്കോസ് കൂടുതൽ വേണ്ടി വരും എന്നതിനാലാണ് പകൽ വ്രതവേളയിൽ വ്യായാമം ഉപേക്ഷിക്കണമെന്നു പറയുന്നത്. നിർജലീകരണ സാധ്യത തടയാനും ഇത് അനിവാര്യം. ശാരീരികം മാത്രമല്ല, മാനസികാരോഗ്യം വീണ്ടെടുക്കാനും റമദാൻ മികച്ച അവസരമാകട്ടെ.

