എൻ.ബി.കെയുടെ പേരിൽ തട്ടിപ്പ് സന്ദേശം
text_fieldsകുവൈത്ത് സിറ്റി: നാഷനൽ ബാങ്ക് ഓഫ് കുവൈത്തിന്റെ പേരിൽ തട്ടിപ്പുസന്ദേശം വ്യാപകമായി പ്രചരിക്കുന്നു. റിവാർഡ് ലഭിച്ചിട്ടുണ്ടെന്നും വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും പറഞ്ഞാണ് സന്ദേശം അയക്കുന്നത്. എസ്.എം.എസ് ആയും ഇ -മെയിൽ ആയും വെബ്സൈറ്റ് പരസ്യങ്ങളായും തട്ടിപ്പ് സന്ദേശം പ്രചരിക്കുന്നു. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയ പലർക്കും അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതായി റിപ്പോർട്ടുണ്ട്.
വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ബാങ്കിൽനിന്ന് സന്ദേശം അയക്കാറില്ലെന്ന് എൻ.ബി.കെ മാനേജ്മെന്റ് അറിയിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആർക്കും നൽകരുതെന്നും ബാങ്കിൽനിന്ന് ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് വിളിക്കാറില്ലെന്നും സൈബർ ക്രൈം വകുപ്പ് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽ നിന്ന് എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ സെൻട്രൽ ബാങ്കും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

