ലോകകപ്പ് യോഗ്യത: കുവൈത്ത് -ഫലസ്തീൻ മത്സരം നാളെ
text_fieldsകുവൈത്ത് ടീം ഖത്തറിൽ പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മൂന്നാം റൗണ്ട് പോരാട്ടത്തിൽ ചൊവ്വാഴ്ച കുവൈത്ത് ഫലസ്തീനെ നേരിടും. കുവൈത്ത് സമയം രാത്രി ഏഴിന് ഖത്തറിലാണ് മത്സരം.
ആദ്യ രണ്ടു മത്സരങ്ങളിലും ജോർഡൻ, ഇറാഖ് രാജ്യങ്ങളോട് സമനിലയിൽ പിടിച്ചു നിന്ന കുവൈത്തിന് കഴിഞ്ഞ മത്സരത്തിൽ ഒമാനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ഒമാൻ കുവൈത്തിനെ തറപറ്റിച്ചത്.
ഇതോടെ വരും മത്സരങ്ങൾ കുവൈത്തിന് നിർണായകമാണ്. ഫലസ്തീനുമായി വിജയത്തിൽ കുറഞ്ഞതൊന്നും കുവൈത്ത് പ്രതീക്ഷിക്കുന്നില്ല. ഒമാനോട് തോൽവി വഴങ്ങിയതോടെ കുവൈത്തിന്റെ പോയന്റ് നിലയിലും ഇടിവുണ്ടായി. ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ കുവൈത്ത് അഞ്ചാം സ്ഥാനത്തായി.
ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. ഫലസ്തീനെതിരായ വിജയത്തോടെ ഗ്രൂപ്പിൽ മുന്നേറ്റം നടത്താനാണ് കുവൈത്ത് ശ്രമം. അടുത്തമാസം 14ന് ദക്ഷിണ കൊറിയക്കെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരം.

