മസ്കത്ത്-കണ്ണൂർ സെക്ടറിൽ വീണ്ടും സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsമസ്കത്ത്: മസ്കത്ത്-കണ്ണൂർ സെക്ടറിൽ വീണ്ടും സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ശനിയാഴ്ച രാവിലെ 6.45ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 8.45ന് മസ്കത്തിൽ എത്തുന്ന ഐ.എക്സ് 0713 വിമാനവും മസ്കത്തിൽനിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് കണ്ണൂരിൽ എത്തുന്ന ഐ.എക്സ് 0714 വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്.
ഇത് സംബന്ധിച്ചുള്ള അറിയിപ്പ് എയർ ഇന്ത്യ എകസ്പ്രസ് അധികൃതർ യാത്രക്കാർക്ക് നൽകി. എയർ ഇന്ത്യ എകസ്പ്രസ് വിമാനങ്ങൾ തുടർച്ചയായ ദിവസങ്ങളിൽ സർവിസ് മുടക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത യാത്ര ദുരിതമാണ് പ്രവാസലോകത്തിന് സമ്മാനിക്കുന്നത്. വെള്ളിയാഴ്ച മസ്കത്ത്-കോഴിക്കോട്ട് റൂട്ടിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും ഒഴിവാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് ശനിയാഴ്ചയും വിമാനം റദ്ദാക്കിയുള്ള അറിയിപ്പ് യാത്രക്കരെ തേടി എത്തിയിരിക്കുന്നത്. യാത്ര ദുരിതത്തിന് അറുതിവരുത്താൻ സർക്കാർ തലത്തിൽനിന്നുള്ള ഇടപ്പെടലുകൾ ഉണ്ടാകണമെന്നാണ് പ്രവാസികൾ പറയുന്നത്. എക്സ്പ്രസിന്റെ നിരുത്തരാവദിത്വ സമീപനംമൂലം സാധാരണക്കാരായ യാത്രക്കാരും കുറഞ്ഞ ദിവസത്തിന് അവധിക്കുപോകുന്നവരുമാണ് ഏറെ വലയുന്നത്.

