ഏഷ്യ കപ്പ്: യോഗ്യത നേടിയത് ഹോങ്കോങ്
text_fieldsമസ്കത്ത്: ഒമാനിൽ നടന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് യോഗ്യത മത്സരങ്ങൾ സമാപിച്ചു. മൂന്നു കളികളും ജയിച്ച് ഹോങ്കോങ് ഏഷ്യ കപ്പിന് യോഗ്യത നേടി. ബുധനാഴ്ച നടന്ന നിർണായക മത്സരത്തിൽ ഹോങ്കോങ് എട്ടു വിക്കറ്റിന് യു.എ.ഇയെ പരാജയപ്പെടുത്തി. സ്കോർ: യു.എ.ഇ: 147/10. ഹോങ്കോങ്: 148/2 (19). ഇതോടെ സ്വന്തം നാട്ടിൽ നടക്കുന്ന ഏഷ്യ കപ്പിൽ പാഡണിയാമെന്ന യു.എ.ഇയുടെ മോഹങ്ങൾക്കാണ് തിരിച്ചടിയായത്.
ബുധനാഴ്ച നടന്ന ആദ്യമത്സരത്തിൽ സിംഗപ്പൂരിനെ പരാജയപ്പെടുത്തിയെങ്കിലും കുവൈത്തിനും യോഗ്യത നേടാനായില്ല. രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനോടേറ്റ തോൽവിയാണ് കുവൈത്തിന് വിനയായത്. ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്താനുമടങ്ങുന്ന ഗ്രൂപ്പിലാണ് ഹോങ്കോങ് മത്സരിക്കുക. ഏഷ്യ കപ്പ് മത്സരങ്ങൾ ശനിയാഴ്ച ദുബൈയിൽ ആരംഭിക്കും.
