വിജയം ആഘോഷിച്ച് ഇൻകാസ് ഒമാൻ
text_fieldsറൂവിയിൽ ഇൻകാസ് ഒമാന്റെ നേതൃത്വത്തിൽ നടന്ന പായസ വിതരണം
മസ്കത്ത്: ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തിളക്കമാർന്ന നേട്ടം ഇൻകാസ് ഒമാൻ റൂവിയിൽ പായസവിതരണം ചെയ്ത് ആഘോഷിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മൈനോറിറ്റി സെൽ എറാണാകുളം ജില്ല സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ പായസ വിതരണം ഉദ്ഘാടനം ചെയ്തു.
വയനാടും പാലക്കാടും നേടിയ മികച്ച വിജയവും ചേലക്കരയിലെ മിന്നുന്ന പ്രകടനവും യു.ഡി.എഫിന്റെ രാഷ്ട്രീയ നേട്ടമാണ്. ദേശീയ തലത്തിൽ മാത്രമല്ല കേരളത്തിലും ബി.ജെ.പിയെ തളക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നതിന്റെ ഉദാഹരണമാണ് പാലക്കാട്ടെ റെക്കോഡ് ഭൂരിപക്ഷം.
ചേലക്കരയിൽ ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞത് സർക്കാറിനേറ്റ തിരിച്ചടിയാണെങ്കിലും വിജയത്തിലേക്കെത്തിക്കാൻ കഴിയാതെ പോയെന്നും ഇൻകാസ് നാഷനൽ പ്രസിഡന്റ് അനീഷ് കടവിൽ പറഞ്ഞു. റൂവി കെ.എം.സി.സി നേതാക്കളും പ്രവർത്തകരും ആഘോഷത്തിൽ പങ്കെടുത്തു. ഇൻകാസ് നിസ്വ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഡു വിതരണം ചെയ്തു.

