മഹൂത്തിനടുത്ത് വാഹനാപകടം: കണ്ണൂർ സ്വദേശി മരിച്ചു
text_fieldsമസ്കത്ത്: മഹൂത്തിനടുത്ത് കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. നാറാത്ത് മയ്യില്‍ പുത്തന്‍പുരയില്‍ അബൂബക്കറിെൻറ മകന് മുഹമ്മദ് സാജിദ് (32) ആണ് മരിച്ചത്. ലോറി ഡ്രൈവറായ കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശി പ്രദീപൻ പരിക്കുകളോടെ ഇബ്ര ആശുപത്രിയിൽ ചികിത്സയിലാണ്. കാലിന് പരിക്കേറ്റ പ്രദീപൻ ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചുവരുന്നു.
സിനാവ്- മഹൂത്ത് റോഡിൽ ഞായറാഴ്ച പുലർച്ചയാണ് അപകടം. മസ്കത്തിൽനിന്ന് ദുകമിലേക്ക് ലോഡുമായി പോവുകയായിരുന്നു വണ്ടി. ഒറ്റവരി പാതയായ ഇവിടെ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിജനമായ മേഖലയും താഴ്ചയുമായതിനാൽ രാവിലെ പത്തിന് മാത്രമാണ് അപകടവിവരം പുറത്തറിയുന്നത്. വാഹനത്തിന് അടിയിൽ പെട്ട മുഹമ്മദ് സാജിദ് അപ്പോഴേക്കും ചോരവാർന്ന് മരിച്ചിരുന്നു.
കണ്ണാടിപ്പറമ്പ് പുല്ലൂപ്പി മദ്റസക്ക് സമീപമാണ് സാജിദ് ഇപ്പോൾ താമസിക്കുന്നത്. നാട്ടിൽനിന്ന് ജനുവരി അവസാനമാണ് തിരികെയെത്തിയത്. മറിയമാണ് മാതാവ്. മുഹ്സിന ഭാര്യയും ഫാത്തിമ മകളുമാണ്. സഹോദരൻ മുഹമ്മദ് കുഞ്ഞി സാജിദ് ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെ കണ്ടെയിനർ ഡ്രൈവറാണ്. മറ്റു സഹോദരങ്ങൾ: താഹിറ, സാബിറ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
