വൈദ്യുതി ഉൽപാദനം വർധിച്ചു
text_fieldsമസ്കത്ത്: രാജ്യത്തെ വൈദ്യുതി ഉൽപാദനം ഈ വർഷം ഏപ്രിൽ അവസാനത്തോടെ 0.3 ശതമാനം വർധിച്ച് മണിക്കൂറിൽ 11,284.1 ജിഗാവാട്ടായി. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 11,245.7 ജിഗാവാട്ടായിരുന്നു. ദോഫാർ ഗവർണറേറ്റിൽ 7.3 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 1.145 ജിഗാവാട്ട് വൈദ്യുതിയാണ് മണിക്കൂറിൽ ഉൽപാദിപ്പിച്ചിരുന്നതെങ്കിൽ ഈ വർഷമിത് 1.229 ജിഗാവാട്ട് ആയാണ് ഉയർന്നിരിക്കുന്നത്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അതേസമയം, അൽ വുസ്ത ഗവർണറേറ്റിൽ വൈദ്യുതി ഉൽപാദനത്തിൽ 41.7 ശതമാനം കുറവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ അവസാനത്തോടെ 217.4 ജിഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചിരുന്നത്. ഈ വർഷം ഇക്കാലയളവിലിത് 126.7 ജിഗാവാട്ട് ആയി കുറഞ്ഞു. ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെന്റ് കമ്പനി, റൂറൽ ഏരിയ ഇലക്ട്രിസിറ്റി എന്നീ കമ്പനികളുടെ വാങ്ങലുകൾ ഉൾപ്പെടെ ഈ വർഷം ഏപ്രിൽ അവസാനം സുൽത്താനേറ്റിന്റെ ആകെ വൈദ്യുതി ഉൽപാദനം 10,927.2 ജിഗാവാട്ട് ആയിരുന്നു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 0.5 ശതമാനം വർധനയാണ് വന്നിട്ടുള്ളത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ മണിക്കൂറിൽ 10,872.5 ജിഗാവാട്ടായിരുന്നു. ആകെ വൈദ്യുതി ഉൽപാദനത്തിന്റെ ഭൂരിഭാഗവും വടക്ക്-തെക്ക് ബാത്തിന, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഏപ്രിൽ അവസാനത്തോടെ 6,827.8 ജിഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2.0 ശതമാനത്തിന്റെ വർധനയാണ് കാണിക്കുന്നത്. 6,691.2 ജിഗാ വാട്ട് വൈദ്യുതിയാണ് 2021ൽ ഉൽപാദിപ്പിച്ചിരുന്നത്.

