ഇന്ത്യൻ എംബസി -ഐ.സി.ബി.എഫ് പ്രത്യേക കോൺസുലാർ ക്യാമ്പ് ഇന്ന്
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച മിസൈദിലെ അംവാജ് എം.ജി.വി 2 ക്യാമ്പിൽ നടക്കും. രാവിലെ ഒമ്പതു മുതൽ 11 വരെയാണ് ക്യാമ്പ്.
രാവിലെ എട്ടുമുതൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ക്യാമ്പ് വേദിയിൽ ലഭ്യമാക്കും. സേവനം ആവശ്യമുള്ളവർ മതിയായ രേഖകളുടെ പകർപ്പ് കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, മറ്റ് എംബസി സേവനങ്ങൾ എന്നിവക്ക് ക്യാമ്പിൽ സൗകര്യമുണ്ടാകും. മിസൈദിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർക്ക് എംബസിയിൽ എത്താതെത്തന്നെ കോൺസുലാർ സേവനം പ്രയോജനപ്പെടുത്താൻ ക്യാമ്പ് ഉപകാരപ്പെടും. സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ പണമായി മാത്രമേ സ്വീകരിക്കൂ. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും സൗകര്യമൊരുക്കും. ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് ഡെസ്കും ക്യാമ്പില്‍ പ്രവര്‍ത്തിക്കും.
മിസൈനിലെ ക്യാമ്പിൽ അപേക്ഷ നൽകി പുതുക്കിയ പാസ്പോർട്ടുകൾ ആഗസ്റ്റ് രണ്ട് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 10 വരെ അവിടെത്തന്നെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

